ജീവിതം തമാശയാക്കുന്നവർ

നർമ്മം, ഹാസ്യം, നേരംപോക്ക്, പ്രാങ്ക് എന്നിങ്ങിനെ ചിരിക്കാനുള്ള വ്യാഖ്യാനങ്ങൾ ഏറി വരികയാണ്. ജീവിതം എത്ര ദുഃസ്സഹമെങ്കിലും ഒരു നെടുവീർപ്പിൽ എല്ലാ വിഷമങ്ങളും അടക്കാനുള്ള ശേഷി മനുഷ്യർക്ക് കുറഞ്ഞുവരുന്നു എന്ന് ഇന്നത്തെ വെള്ളിവെളിച്ചത്തിൽ തോന്നിപോകുന്നു. പലപ്പോഴും തമാശയിൽ തുടങ്ങി വൈര്യാഗ്യത്തിലൂടെ നിരാശയിൽ അവസാനിക്കുന്ന ജീവിത ദൃഷ്ടാന്തങ്ങൾ സമൂഹത്തെ പിടിച്ചുലയ്ക്കുന്നത് കണ്ടുവരുന്നു.
വർദ്ധിച്ചു വരുന്ന കാഴ്ച്ചാ പ്രതലങ്ങളും സമൂഹത്തിന് നടുക്ക് തന്നെ താനുണ്ട് എന്ന തോന്നിപ്പിക്കലും ഇത്തരം ജീവിതംവയ്ച്ചുള്ള തമാശകൾ പൊതുസമൂഹത്തിനു മുന്പിലേയ്ക്കും എത്തുന്നു. മുൻപെല്ലാം വീട്ടുവഴക്കുകൾ, കളിയാക്കലുകൾ, സ്വകാര്യത എന്നിവയ്ക്ക് നാം കൊടുത്തിരുന്ന പല നിർവ്വചനങ്ങളും മാറിപ്പോയിരിക്കുന്നു. പുരോഗമന ചിന്താഗതി നല്ലതുതന്നെ പക്ഷെ അതിലേയ്ക്ക് തിരഞ്ഞെടുത്ത വഴികൾ ഇതുതന്നെയാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്.
മാനസികമായ സ്പർദ്ധകൾ ഏറിവരുന്നതിലേയ്ക്ക് ഇത്തരം പൊള്ളയായ തമാശകൾ പലപ്പോഴും നയിച്ചേക്കാം എന്ന സത്യത്തെ രാഷ്ട്രീയ കമ്പളത്തിൽ സൂക്ഷ്മമായി ഒളിപ്പിക്കുന്നവർ ജനങ്ങളോട് ചെയ്യുന്നത് അനീതിയാണെന്ന് തമാശകളിൽ ബുദ്ധി നശിച്ച് ഇനിയും കാഴ്ചകൾക്കും വഴക്കുകൾക്കും വേണ്ടി കാത്തുനിൽക്കുന്ന സമൂഹം മനസ്സിലാക്കുന്നില്ല. ജീവിതം തമാശയാക്കുന്ന പലരും അതിന്റെ പ്രാധാന്യം മറന്നുപോകുന്നു. പരസ്പ്പര ബഹുമാനം ഇല്ലാതെയുള്ള തമാശകൾക്ക് നൂതനയുഗം നല്കുന്ന പേരാകരുത് 'പ്രാങ്ക്' അതിരുവിടുന്ന ഓരോ ഘട്ടത്തിലും ഇത്തരം ക്രൂരമായ തമാശകൾ മനസ്സിനെ തളച്ചിടുന്ന വിഭ്രാന്തിയ്ക്ക് സമമായി മാറിയേക്കാം. ഇതൊന്നും പോരാ എന്ന കാഴ്ചയിൽ നിന്നും വന്നു ചേരുന്നത് തിരിച്ചുപിടിക്കാനാകാത്ത ജീവിത നൈരാശ്യമായിരിക്കാം...
