ബസ്സ് യാത്രക്കാർ...
June 27, 2018 at 7:11 pm,
No comments

പഴക്കം ചെന്ന ഒരു ബസ്സിൽ കുറച്ചാളുകൾ, എവിടെനിന്നോ കയറി എവിടേക്കോ പോകുന്നു... ചിലർ ചേർന്ന് പറഞ്ഞു ഞങ്ങൾ ഒരു മതമാണ്, ചിലർ ഞങ്ങൾ ഒരേ വിഭാഗമാണെന്നും, ചിലർ ഒരേ സ്വരത്തിൽ നമ്മൾ ഒരേ പ്രസ്ഥാനക്കാരാണ്, ചിലരാകട്ടെ കൊടിയുടെ നിറം തിരിച്ചു മാറിയും തിരിഞ്ഞും ഇരിക്കുന്നു... ചിലർക്ക് വിശക്കുന്നു, മറ്റു ചിലരാകട്ടെ ഭക്ഷണം കൂടുതലായെന്ന ശങ്കയിൽ ഒരു മയക്കത്തിന്റെ വക്കത്തുമാണ്... കുറച്ചു കഴിഞ്ഞപ്പോൾ അതെ ബസ്സിൽ ഒരു കുട്ടി കയറി, ബസ്സിലുള്ളവർ അവനായി ഇരിപ്പിടം ഒരുക്കികൊടുക്കാൻ വെമ്പൽ കൊള്ളുകയാണ്... കുഞ്ഞാകട്ടെ ആരെ തിരഞ്ഞെടുക്കണം എന്ന സംശയത്തിലും... കുറച്ചു പുറകിലായി മനുഷ്യൻ എന്ന് ആലേഖനം ചെയ്ത ഒരു സീറ്റിൽ കണ്ണുടക്കി...
ആ കുഞ്ഞു അവിടേക്കു നടന്നു... പാതിവഴിയിൽ അവന്റെ ചിന്തകളുടെ തിരക്കിൽ പെട്ട്... ഒന്നിലും ശ്രദ്ധയില്ലാതിരുന്ന അവനിലും ആ സീറ്റിലേക്കുള്ള ദൂരം കഠിനമായി തോന്നിത്തുടങ്ങി, അവൻ അതിൻറെ തീക്ഷണത അറിഞ്ഞു തുടങ്ങി... ആ ആടി ഉലച്ചിലിൽ ചിലർ ചേർന്ന് അവന്റെ സംരക്ഷണം ഏറ്റെടുത്തു... എന്നിട്ട് അവനെയും ഏതോ ഒരു സീറ്റിൽ പിടിച്ചിരുത്തി...
മനുഷ്യത്വം എന്ന ആ ഒരു സീറ്റ് അവിടെ ബാക്കി കിടക്കുന്നു, കൂട്ടത്തിൽ നന്മ എന്ന സീറ്റും പലക ഇളകി കാലിയായി കിടക്കുന്നു... കുറച്ചുപേർ സീറ്റ് ഒഴിവാക്കി നിൽക്കുന്നു... ഒരുപക്ഷെ അടുത്തിറങ്ങേണ്ടവരാകാം...
ബസ്സിൽ കയറുന്നില്ല...നടന്നേക്കാം, അതാ സ്വസ്ഥം...
