വകതിരിവ്...
April 27, 2018 at 3:10 pm,
No comments
"വർഗ്ഗീയ ചേരിതിരിവിനാധാരം വകതിരിവില്ല്യായ്മ"

അല്ലെങ്കിൽ ഈ പറയുന്നവയിൽ ഏതെങ്കിലും ഒന്നിന് നിങ്ങളുടെ ശ്രേഷ്ട കുലത്തിനു പകരം നിൽക്കാൻ കഴിയുമോ എന്ന് സ്വയം പരിശോധിക്കുക...
വിശപ്പും ദാഹവും : നാവും, ചുണ്ടുകളും വരണ്ടു പോകുന്ന അവസ്ഥയിൽ, മേൽചുണ്ടും കീഴ്ചുണ്ടും തമ്മിൽ ഒട്ടിപ്പോകുന്ന അവസ്ഥയിൽ, ഉമിനീരിറക്കുമ്പോൾ നനവനുഭവപ്പെടാത്ത അവസ്ഥയുള്ളപ്പോൾ... ജലം നമ്മുടെ ജാതിയും , അന്നം മതവുമായി മാറി നിന്നിരുന്നെങ്കിൽ ഒരു പക്ഷെ ജീവൻ എന്ന സത്യം അവിടെ അവസാനിക്കുന്നു...
രക്തദാനം : രക്തദാനം മഹാദാനം എന്ന് പറയുന്നെങ്കിലും, ശരീരത്തിൽ കയറ്റിവിടുന്ന രക്തത്തിൻറെ നിറത്തേക്കാൾ അതിൽ നാം കാണുന്ന കുലമഹിമ എന്ന ചിന്തക്കും പേര് വകതിരിവില്ല്യായ്മ എന്ന് തന്നെയായിരിക്കാം...
അപകടാവസ്ഥ : നിങ്ങൾ നടന്നു പോകുമ്പോൾ ഒരു പൊട്ടക്കിണറ്റിൽ വീഴുന്നു എന്ന് സങ്കൽപ്പിക്കുക, അവിടെ കിടന്ന് ജീവന് വേണ്ടി നിലവിളിക്കുമ്പോഴും, വിലമതിക്കാനാകാത്ത ജീവനെ ആ താഴ്ചയിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റുന്നവനിൽ മനുഷ്യത്വത്തേക്കാൾ അയിത്തം കാണുന്നെങ്കിൽ ആ കിണറ്റിലെ ലഭ്യമായ വെള്ളത്തിൽ മനസ്സുകൂടി കഴുകി കയറി വരൂ...
മനുഷ്യനെ മനുഷ്യനായി കാണാൻ ശ്രമിക്കൂ...
എനിക്കും, നിനക്കും ഈ ലോകത്തു പേര് മർത്യനെന്നാകുകിൽ,
മനുഷ്യനായി വാഴുക, കുലമഹിമകൊണ്ട് കണ്ണ് മൂടി കെട്ടാതിരിക്കുക...
നിങ്ങളുടെ ചിന്തയിൽ വരുന്ന വകതിരിവില്ലായ്മയിൽ താൽക്കാലിക ലാഭം ലഭിക്കുന്നവർക്ക് വേണ്ടി വളമാവാതെ ഈ ലോകത്തെ ചെറിയ ചെറിയ സന്തോഷങ്ങളിൽ മനസ്സിനെ തൃപ്തിപ്പെടുത്തി ഒരു നല്ല ജീവനായി മാറുക...
നിങ്ങളിലെ നന്മയുടെ പേരാണ് മനുഷ്യത്വം...കൈമോശം വരാതെ കാത്തുകൊള്ളുക...
നടക്കട്ടെ....
