അസ്തമയപ്പുലരി...
March 30, 2018 at 11:18 am,
No comments
ഇന്നലെ ഉറക്കമുണർന്നത് ഒരു അസ്തമയത്തിൻറെ വാർത്തയറിഞ്ഞാണ്... എപ്പോഴും ശാന്തമായും, പുഞ്ചിരിച്ചും നമുക്ക് മുന്നിൽ നിലനിന്ന ഒരദ്ധ്യായം, അത് കഴിഞ്ഞിരിക്കുന്നു...വിശ്വസിക്കാൻ ബുദ്ധിമുട്ടായി തോന്നിയെങ്കിലും ജീവിതത്തിൽ ചില സത്യങ്ങൾ അങ്ങിനെയാണ്... അകലെ നിൽക്കുമ്പോളായിരിക്കാം ഒരു പക്ഷെ നമുക്കോരോരുത്തരെ കുറിച്ചും ആലോചിക്കാൻ സമയവും സാവകാശവും ലഭിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്... "കുട്ടൻമാമ", ഈ നിമിഷം മുതൽ ജീവനുള്ള ഒരു ഓർമ്മയായി മാറിയിരിക്കുന്നു... എല്ലാ വിശേഷാവസരങ്ങളിലും ശാന്തമായ ഒരു പുഞ്ചിരിയോട് കൂടി മാത്രമേ അദ്ദേഹത്തെ കണ്ടിട്ടുള്ളു... അദ്ദേഹം പഴയ കഥകളും അനുഭവങ്ങളും പറഞ്ഞു തരുമ്പോൾ പോലും അവയിൽ ഒരു ജീവനുള്ളപോലെ തോന്നിയിരുന്നു...
ജീവിത പാഠപുസ്തകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട പാഠമായി മനസ്സിൽ കാണുന്ന എൻറെ അച്ഛന് പോലും ഇദ്ദേഹം ഒരു ധൈര്യമായിരിന്നിരിക്കാം, എന്തും ചെയ്യുന്നതിന് മുന്നേ കുട്ടൻമാമയോട് കൂടി ചോദിക്കുന്ന ഒരു ശീലവും അതുകൊണ്ടായിരിക്കാം...അന്ന് വീടിനു കുറ്റിയടിക്കുന്നതിനായി കാണിപ്പയൂർ നമ്പൂതിരിപാട് വന്ന് ഒരു സ്ഥാനം കണ്ടെത്തി "എന്നാൽ ഇവിടെ തന്നെയാവാല്ലേ?" എന്ന് കുട്ടൻമാമയോട് ചോദിച്ചപ്പോൾ "അങ്ങിനെ ആയിക്കോട്ടെ" എന്ന് പറയുമ്പോൾ അത് അച്ഛനുമൊരു ധൈര്യം പകർന്നിട്ടുണ്ടാകും, കാരണം മനസ്സിൽ നല്ല പ്രാർത്ഥനകൾ ഉള്ള മനസ്സെടുക്കുന്ന തീരുമാനങ്ങൾ തെറ്റാൻ സാധ്യത വളരെ കുറവാണ്...
മനയ്ക്കലെ പഴയ കഥകൾ പറയുമ്പോളും, അവിടെ ചുറ്റുവട്ടത്തുള്ള ചെറിയ ചെറിയ സംഭവങ്ങൾ പറഞ്ഞു തരുമ്പോളും എല്ലാത്തിലും ഒരു സന്തോഷം തോന്നിയിരുന്നു, അദ്ദേഹത്തിനും കേട്ടിരിക്കുന്ന നമ്മളിലും... ആരെയും നോവിക്കാതെ സരസമായി കാര്യങ്ങൾ അവതരിപ്പിച്ചിരുന്ന ഒരു ശുഭ്ര വസ്ത്രധാരി അതായിരുന്നു കുട്ടൻമാമ... ഓർമ്മകൾ കൂടുതൽ ഉള്ള അച്ഛന് ഈ നഷ്ട്ടം ഒരു വലിയ വിഷമം തന്നെയായിരിക്കാൻ ഇടയുണ്ട്... പുറത്തേക്ക് ഒരു വിഷമവും കാണിക്കാത്ത അച്ഛൻറെ മനസ്സിന് ധൈര്യം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... എല്ലാവർക്കും കുട്ടൻമാമയെ കുറിച്ചോർക്കുമ്പോൾ ആ ശാന്തമായ മുഖം ഓർമ്മയിൽ വരുന്നതുകൊണ്ടായിരിക്കാം മറ്റൊരു വൈഷമ്മ്യങ്ങളും ഇല്ലാതെ സംതൃപ്തമായ ഈ യാത്ര...
വിഷമിക്കാൻ പോലും സമയ ക്രമീകരണങ്ങളുള്ള ഈ യുഗത്തിൽ കുറച്ചു നേരം ആ മുഖം ഓർമ്മയിൽ സൂക്ഷിക്കുന്നു... വീട്ടിൽ വന്ന് മടങ്ങുമ്പോൾ പോലും അവിടെയുള്ള എല്ലാവരോടും യാത്ര പറയാൻ ഓർക്കാറുള്ള കുട്ടൻമാമ, ഈ യാത്രയ്ക്ക് മുൻപും പറഞ്ഞുകാണാം, "ട്ടോ ശിവാ, മണിയോടും കുട്ട്യോളോടും പറയൂ, ഇറങ്ങട്ടെ" - ആ നല്ല മനസ്സ് എന്നും ഓർമ്മകളിൽ നിലനിൽക്കട്ടെ... പ്രണാമം...
