ചിന്തോദയം...
February 23, 2018 at 3:06 pm,
No comments
മനുഷ്യൻ ശരിയായി ചിന്തിക്കാൻ മറന്നിരിക്കുന്നു...എന്തും മറ്റൊരാൾക്ക് മുന്നിൽ താൽക്കാലിക വൈകാരിക സംതൃപ്തിനേടികൊടുക്കുന്ന വളരെ ചെറിയ ഒന്നിലേക്ക് ഒതുങ്ങുന്നു മനുഷ്യന്റെ ഇന്നത്തെ ചിന്തപോലും...ഉയർന്ന വിദ്യാഭ്യാസത്തിനും അവൻറെ ഈ ചെറിയ ചിന്തയെ മാറ്റാൻ കഴിയുന്നില്ല എന്നത് സങ്കടകരം... നമ്മൾ എല്ലാവരും ചെറുതിലെ കേട്ട് ശീലിച്ച ഒരു ചൊല്ല് ഓർമ്മയിൽ വരുന്നു "വാശി കൊണ്ട് ജയിച്ചവരെക്കാൾ നശിച്ചവരാണ് കൂടുതൽ..." ആഗ്രഹവും വാശിയും രണ്ടും രണ്ടാണ്... ആഗ്രഹം നിർവൃതിയിലേക്കാണെങ്കിൽ, വാശി നാശത്തിലേക്കാണെന്നു നമ്മൾ മനുഷ്യർ ഓർക്കേണ്ടിയിരിക്കുന്നു...
ഉയർന്ന ചിന്തകളും അതിൽ നിന്നുമുള്ള പ്രവർത്തികൾക്കും മാത്രമേ നാം ചെയ്യുന്ന ഈ ചെറിയ ചെറിയ തെറ്റുകളെ ശരിയിലേക്കെത്തിക്കാൻ സാധിക്കുകയുള്ളു... പ്രതികരണങ്ങളെക്കാൾ, നല്ല പ്രവർത്തനങ്ങളാണ് നമുക്ക് വേണ്ടത്... നിങ്ങൾ എത്ര പറയുന്നു എന്നതിലല്ല, എന്ത് പറയുന്നു എന്നതാണ് പ്രധാനം... നമ്മുടെ ചിന്തകളിലെ ദുഷിപ്പകറ്റി കൂട്ടത്തിലല്ലാതെ മാറിയിരുന്നു ഒന്നാലോചിക്കുക, നമ്മൾ ചെയ്യുന്നതിലെ ശരിയും തെറ്റും അപ്പോൾ മനസ്സിലായേക്കാം...കൂടെയിരിക്കുന്നവർക്ക് നടുവിൽ വന്ന മതിൽക്കെട്ടുകൾ വേണ്ടതാണോ എന്ന് ആലോചിക്കുക (വെറുതെ ചിന്തിക്കുന്നവർ അതിനെ ആശയപരമായ അകലമെന്നും, ചിന്താപരമായ അകൽച്ച എന്നെല്ലാം വ്യാഖ്യാനിച്ചേക്കാം) പക്ഷെ എല്ലാ മനുഷ്യരും കുറച്ചു അസ്ഥികളും, മാംസപേശികളും മാത്രമായി ജനിക്കുന്നു അതിനു ശേഷം ചിന്തിക്കാനും, ചിരിക്കാനും , മനസ്സിലാക്കാനും ശീലിച്ചു ഒരു നല്ല സൃഷ്ടിയായി പരിണമിക്കുന്നു... ഓരോ ജീവനും കടന്നു വരുന്ന ജീവിതത്തിൽ അവൻ ഉയർന്നവനും താഴ്ന്നവനും ഒക്കെ ആയി തുടരുന്നു... വൈകാരികമായും കായികമായും മനുഷ്യർ ഏറ്റുമുട്ടിയിരുന്നു ഒരു കാലം ചരിത്രത്തിലുണ്ടായിരുന്നു, വിദ്യാഭ്യാസം കൊണ്ടും ശാസ്ത്രവളർച്ചയിലും ഈ ഏറ്റുമുട്ടലുകളെല്ലാം വെറുതെയായിരുന്നു എന്ന് പിന്നീട് മനസ്സിലാക്കേണ്ടി വന്നിട്ടും ഇന്നും മനുഷ്യൻ പരസ്പ്പരം മല്ലടിക്കുന്നു... മൃഗങ്ങൾ വരെ തേടിപ്പിടിക്കുന്ന ഇരയെ വിശപ്പുമാറ്റാൻ മാത്രമുള്ളതാണെന്നു കണക്കാക്കുന്നു, എന്നാൽ മനുഷ്യൻ അവൻറെ മാനസിക സൗഖ്യത്തിനു വേണ്ടി തമ്മിൽ തമ്മിൽ വേട്ട തുടരുന്നു... നന്മ എന്തെന്ന് അറിഞ്ഞവനേ അത് പകരാൻ സാധിക്കു..പ്രസംഗിക്കുന്നവർക്കതു പ്രയാസമായിരിക്കും...
മനുഷ്യൻ മുഖത്തുനോക്കി പരസ്പ്പരം ആശയവിനിമയം ചെയ്തിരുന്ന ഒരു കാലഘട്ടം ഓർക്കുക...ഇപ്പോൾ അവൻ നാമമാത്രമായി മാത്രം അറിയുന്ന ചില കുറിപ്പുകളിൽ നോക്കി ലോകത്തെ മുഴുവൻ വിലയിരുത്തുന്നു...എല്ലാം തെറ്റെന്നും വായിച്ചെടുക്കുന്നു... നിങ്ങളുടെ ചെറിയ ചുറ്റുപാടുകളിൽ നന്മയുള്ള ചെറിയ ചെറിയ മാറ്റങ്ങൾ ഉണ്ടാക്കാൻ നമ്മുടെ യുവത്വത്തിന് കഴിയണം... അന്നന്ന് വീട്ടിൽ മടങ്ങിയെത്തുമ്പോൾ താൻ ഇന്ന് നടത്തിയ പ്രസ്താവനയോ, വെളിപ്പെടുത്താലോ അല്ല മനസ്സിൽ ആശ്വാസമായി കാണേണ്ടത്, പകരം താൻ മൂലം ഒരാൾക്കോ, ഒരു ജീവനോ കുറച്ചാശ്വാസം പകർന്നിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ ഏടിൽ എഴുതിച്ചേർക്കു, പറഞ്ഞറിയിക്കാനാകാത്ത ഒരു സന്തോഷം അത് നിങ്ങൾക്ക് നൽകും...
ഈ ചെറിയ ജീവിതത്തിൽ നമ്മൾ ചെയ്യുന്ന ചെറിയ ചെറിയ തെറ്റുകളെക്കാൾ, നമുക്ക് വേണ്ടത് വലിയ ശരികളാണ്... മനുഷ്യകുലത്തിന്റെ അടിത്തറയും ഈ കൂട്ടായ്മയാണ്... വിശപ്പിന്റെ പേരിൽ ഒരു ചെറിയ കളവു നടന്നെങ്കിൽ അതിൽ ഓരോ വിശപ്പില്ലാത്തവനും പങ്കുണ്ട്... കാരണം ആ നിലയിൽ നിങ്ങളും മറിച്ചൊന്നായിരിക്കില്ല ചെയ്യുന്നത്... നല്ല ചിന്തകളും, വാക്കുകളും, പ്രവർത്തികളും ശീലമാകട്ടെ... ഓർമ്മയിൽ വന്ന രണ്ടു വരികൾകൂടി എഴുതിച്ചേർക്കുന്നു...
"അന്തസ്സുള്ളൊരു ദുനിയാവ്...ആർക്കാണിവിടെ സ്ഥിരവാഴ്വ്...
അവധി അടുത്ത് മരിച്ചാൽ പിന്നെ ആറടി മണ്ണിൽ ഒരുവീട്... "
അതുകൊണ്ട് തമ്മിൽ തമ്മിൽ ഒന്നും തെളിയിക്കാനോ, വാശികാണിക്കാനോ നിൽക്കാതെ ജീവിക്കുക...നിങ്ങളുടെ ചുറ്റുപാടുകളെ സ്നേഹിക്കുക, ചെറുതെങ്കിലും നിങ്ങൾക്കൊരു നന്മ ചെയ്യാനായാൽ അതിൽ നമ്മുടെ ഉള്ളിൽ ഒരു സന്തോഷം കണ്ടെത്തുക...
വൈര്യമുള്ള എല്ലാ മനസ്സുകൾക്കും ശാന്തത കൈവരട്ടെ... കൂടെയുള്ളവർ നിങ്ങൾക്ക് സഹോദരതുല്യരാണ്... നിറങ്ങളും, വേഷങ്ങളും മാറ്റിവെച്ചാൽ വേദനയും, സന്തോഷവും, വിഷമവും എല്ലാം നിങ്ങളോളം തന്നെയുള്ള വെറും മനുഷ്യർ... അത് മറക്കാതിരിക്കുക നന്നായി ജീവിക്കാൻ ഈ ചിന്ത ഒന്ന് മതി... ഉയർന്നു ചിന്തിക്കുക, ഇരുളടഞ്ഞ മനസ്സുകൾക്കും കണ്ണുകൾക്കും അതൊരു നന്മയുള്ള വെളിച്ചമായിത്തീരട്ടെ...
നല്ലതാഗ്രഹിക്കുന്നു... നന്മ നേരുന്നു...
